ആഗോളവത്കരണവും ആധുനികന്‍റെ ഭക്ഷണരീതിയും - മലയാള പ്രസംഗം
السلام عليكم ورحمة الله
بسم الله، والحمد لله، الصلاة والسلام على
أشرف رسل الله وعلى آله وصحبه الفائزين برضى الله، أمّا بعد،
ഏറ്റവും ബഹുമാനാദരവുകള്‍ നിറഞ്ഞ അധ്യാപക സ്രേഷ്ടരെ, ഏറെ സ്നേഹമുള്ള വിദ്യാര്‍ത്ഥി മിത്രങ്ങളെ, സര്‍വ്വ സമാദരണീയരായ സത്യ വിശ്വാസികളെ, അല്ലാഹു നമ്മുടെ ഈ സംഗമത്തെ സ്വീകരിക്കട്ടെ,ഭൗതികത ഏറെ ഗ്രസിച്ച ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവരെന്ന നിലക്ക് നാം ഇന്ന് ആധുനിക ലോകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. സര്‍ഗ്ഗാമകത നിറപ്പെയ്ത്ത് നടത്തുന്ന ഈ ഒരു സംഗമത്തില്‍ ചില പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചില ചില്ലു വാതിലുകള്‍ തുറന്നിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ഹ്രസ്വമായ വേളയില്‍ ആഗോളവത്കരണും ആധുനികന്‍റെ ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ ശ്രോദ്ധാക്കളുമായി പങ്കുവെച്ച് ഞാന്‍ എന്‍റെ വാക്കുകള്‍ക്ക് വിരാമമിടാം. ഇന്‍ഷാഅല്ലാഹ്, നാഥന്‍ അനുഗ്രഹിക്കട്ടെ.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഇംഗ്ലണ്ടില്‍ നടന്ന യന്ത്രവത്കൃത വ്യവസായിക വിപ്ലവത്തെ തുടര്‍ന്നാണ് ലോകത്ത് ആഗോളവത്കരണം എന്ന ആശയം പിറവിയെടുക്കുന്നത്. ലോകത്ത് വലിയ വലിയ മാറ്റങ്ങള്‍ വ്യവസായ വാണിജ്യ രംഗങ്ങളില്‍ ഉണ്ടാവാന്‍ തുടങ്ങിയപ്പോള്‍ ആ മാറ്റത്തിന്‍റെ ഗുണഫലങ്ങളെ ലോകത്തെല്ലാ രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കാനുള്ള അവസരമൊരുക്കലായിരുന്നു ഒരു കണക്കിന് ആഗോളവത്കരണത്തിന്‍റെ ലക്ഷ്യം. അങ്ങനെ ലോക രാഷ്ട്രങ്ങളെ ഒരൊറ്റ കുടക്കീഴില്‍ നിര്‍ത്തി അവരവരുടെ വ്യാവസായിക ഉത്പന്നങ്ങളുടെ ആദാന പ്രദാനങ്ങള്‍ നടന്നു കൊണ്ടിരുന്നു. ഇന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ നമ്മുടെ ഇന്ത്യയിലെ വിപണിയില്‍ സുലഭമായി ലഭിക്കുമാറ് ലോക രാഷ്ട്രങ്ങളുടെ വാണിജ്യ വ്യവസായ ബന്ധം സുദൃഢമായിരിക്കുന്നു. അങ്ങിനെ ആഗോളവത്കണം എന്ന സംവിധാനം ഇന്ന് നാം അറായാതെ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നു.
ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ഉത്പന്നങ്ങളുടെ കൈമാറ്റം നിഷ്പ്രയാസം നടക്കാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായി അവരുടെ സംസ്കാരവും കൈമാറ്റം ചെയ്യപ്പെട്ടു. മതപരമായ നിയന്ത്രണങ്ങളില്ലാതെ ആഡംബരപ്രിയത്തിന്‍റെ പാരമ്യതയില്‍ ഭൗതിക ഭ്രമത്തിന്‍റെ അടിമകളായി ലോകത്ത് സ്വൈര്യ വിഹാരം നടത്തുന്ന പാശ്ചാത്യന്‍റെ വൃത്തികെട്ട സംസ്കാരം നമ്മിലേക്ക് അറിഞ്ഞോ അറിയാതെയോ അതിഥിയായി എത്തി. ആ അതിഥിക്ക് നാം ഹൃദ്യമായ ആതിഥേയത്വം നല്‍കി പട്ടുമെത്തയിലേക്ക് സ്വീകരിച്ചാനയിച്ചു. ആ അഥിതിയെ നാം സിംഹാസനാരൂഢനാക്കി. അങ്ങിനെ പാശ്ചാത്യന്‍റെ സംസ്കാരം നമ്മില്‍ ശക്തമായ സ്വാധീനം ചെലുത്തി. വേഷവിധാനങ്ങളില്‍ പെരുമാറ്റ രീതികളില്‍ ഭക്ഷണ ക്രമത്തില്‍ അതിന്‍റെ ഭാഗമായി ആരോഗ്യത്തില്‍. അങ്ങിനെ ജീവിതത്തിന്‍റെ സര്‍വ്വ മേഖലയിലും പാശ്ചാത്യന്‍റെ ചവിട്ടടിപ്പാത നാം ബോധപൂര്‍വ്വം പിന്തുടര്‍ന്നു കൊണ്ടിരുന്നു.
സുഹൃത്തുളേ...,
ആഗോളവത്കരണം ആരോഗ്യകരമായി നമ്മുടെ തലമുറയെ എങ്ങിനെ ബാധിച്ചു എന്നിടത്താണ് നമ്മുടെ ചര്‍ച്ച. പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള നമ്മുടെ ചുറ്റുപാടുകളിലേക്ക് ആധുരാലയങ്ങളുടെ കണക്കു നോക്കിയിട്ടുണ്ടോ നിങ്ങള്‍? അന്നത്തെ മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യത്തെയും ആരോഗ്യ നിലയെയും കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അത്ഭുതപ്പെട്ട് പോവും നമ്മള്‍. എല്ലുമുറിയെ പണിയെടുത്ത് അന്തിക്ക് പുളിഞ്ചാറു കൂട്ടി ചോറുണ്ടിരുന്ന നമ്മുടെ പൂര്‍വ്വികന്‍റെ ആരോഗ്യനില നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ജൈവ വളമിട്ട് കൃത്യമായി സംരക്ഷിച്ചു പോന്നിരുന്ന വിളനിലങ്ങളില്‍ വിളഞ്ഞ കാര്‍ഷിക വിഭവങ്ങളുടെ രുചി, അത് മതിവരാത്തതായിരുന്നു. അത്ഭുതമായിരുന്നു. ആശ്ചര്യമായിരുന്നു. അവരുടെ വിയര്‍പ്പില്‍ തളിരിട്ട ഓരോ ഇലകളിലും കായ്ക്കനികളിലും വിറ്റാമിനുകളുണ്ടായിരുന്നു. അവകള്‍ രോഗ പ്രതിരോധം നടത്തിയിരുന്നു. അത്തരുണത്തില്‍ അവരുടെ ആരോഗ്യം കൃത്യമായി സംരക്ഷിക്കപ്പെട്ടു പോന്നിരുന്നു.
എന്നാല്‍ ഇന്നത്തെ അവസ്ഥയെന്താണ്? ആധുനികന്‍റെ ആരോഗ്യനില എവിടെയാണ്? ആലോചിക്കണം നമ്മള്‍. ചിന്താപരമായും ശാരീരികപരമായും രോഗാതുരമായ ഒരു തലമുറയുടെ സൃഷ്ടിപ്പാണ് ആഗോളവത്കരണമെന്ന മഹാത്ഭുത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ നടന്നതെന്ന തിരിച്ചറിവ് എനിക്കും നിങ്ങള്‍ക്കുമുണ്ടാവണം. പാശ്ചാത്യനില്‍ നിന്ന് പകര്‍ന്നു കിട്ടിയ സംസ്കാരം നാം നെഞ്ചോടെ ചേര്‍ത്തു വെക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത എന്തൊക്കെയോ ആണെന്ന് ചിന്ത നമ്മളില്‍ ഉണരണം. അഢംബര പൂര്‍വ്വം അലങ്കരിക്കപ്പെട്ട ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ സായാഹ്ന ക്ലബുകളും വഴിയോരങ്ങളെ വിഭവസമദ്ധമാക്കി ആധുനികന്‍റെ ഭക്ഷണ പ്രിയത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫുഡ് തട്ടുകടകളുമെല്ലാം പേരു കണ്ടെത്തിയിട്ടില്ലാത്ത രോഗങ്ങളിലേക്കുള്ള കുറുക്കു വഴികളാണെന്ന് നമ്മളറിയണം. മൂക്കു മുട്ടെ ഭക്ഷണം കഴിച്ച് മാളികയില്‍ ശീതീകരിച്ച മുറികളില്‍ സുഖനിദ്രയിലാണു പോകുന്ന നിഷ്ക്രിയമായ ഒരു സാഹചര്യത്തിലേക്ക് നമ്മുടെ തലമുറ എത്തപ്പെട്ടിരിക്കുന്നു. ക്രിയാത്മകമായി ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ, അശക്തരായ ഒരു വിഭാഗം ഇവിടെ പടക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാനസ്സീകാരോഗ്യമോ, ശാരീരിക ക്ഷമതയോ ഇല്ലാത്ത രോഗാതുരമയായ പരിതസ്ഥിതിയിലേക്ക് ആധുനിക സാഹചര്യങ്ങള്‍ നമ്മെ വഴി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ ആഗോളവത്കരണത്തിനുള്ള പങ്ക് അനിഷേധ്യമാണ്. തലമുറയുടെ സുശക്തമായ നിലനില്‍പ്പിന് അംഗങ്ങളുടെ ആരോഗ്യം അനിവാര്യമാണ്. ഇന്ന് നമ്മുടെ ആരോഗ്യ നില വളരെ മോശമാണ്. നമ്മുടെ കൊച്ചു കേരളമെടുത്തു നോക്കിയാല്‍ തന്നെ നൂറു കണക്കിന് ആശുപത്രികള്‍ രോഗികളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടുന്നു. മരുന്നു കമ്പനികളും, ഡോക്ടര്‍മാരും, ആശുപത്രി ഉടമസ്ഥരും നമ്മെ സാമ്പത്തികമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഉള്ളതെല്ലാം വിറ്റുപൊറുക്കി ആധുരാലയങ്ങളില്‍ അഭയം പ്രാപിക്കുമ്പോഴും രോഗനിര്‍ണ്ണയം നടത്താന്‍ പോലുമാവാതെ ആധുരസേവകര്‍ അന്തിച്ചു നില്‍ക്കുന്നു. ദൈനം ദിനം പിറവിയെടുത്തു കൊണ്ടിരിക്കുന്ന രോഗങ്ങള്‍ക്ക് നാമകരണം ചെയ്യാന്‍ പോലുമാവാതെ വൈദ്യ ശാസ്ത്രം തളര്‍ന്നു പോകുന്നു. നമ്മുടെ ആരോഗ്യ സ്ഥിതി അവിടെയെത്തി നില്‍ക്കുന്നു. തീര്‍ത്തും ആശങ്കാജനകമായ ഈ ഒരു സാഹചര്യത്തില്‍ നിന്ന് തലമുറയെ സംരക്ഷിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? വലിയ ആലോചനയാണത്. ആഗോള വത്കരണത്തിന്‍റെ അനന്തരഫലമെന്നോണം നാം കടം കൊണ്ടു പടിഞ്ഞാറിന്‍റെ ഭക്ഷണ സംസ്കാരം അറബിക്കടലിലേക്കെറിയണം. പ്രതിരോധ ശേഷി തെല്ലുമില്ലാത്ത ബ്രോയിലര്‍ ചിക്കനുകളുടെ മാംസം ഭുജിച്ച് നിഷ്ക്രിയരായിപ്പോയിരിക്കുന്നു നാം. നമ്മുടെ ഭക്ഷണക്രമത്തിലെ ചിക്കന്‍ സംസ്ക്കാരം നാം നിയന്ത്രിച്ചേ മതിയാവൂ. ആധുനിക കെമിസ്ട്രികള്‍ നിര്‍മ്മിച്ചെടുത്ത വീര്യമുള്ള കീടനാശിനികള്‍ ഉപയോഗിച്ച് നമ്മുടെ വിളനിലങ്ങള്‍ വികൃതമായിപ്പോയിരിക്കുന്നു. ജൈവളങ്ങളുടെ നിരന്തരമായ ഉപയോഗത്തിലൂടെ നമ്മുടെ വിള നിലങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കണം. സ്മാര്‍ട്ട് ഫോണുകളുടെയും ലാപ്ട്ടോപ്പുകളുടെയും മുമ്പിലിരിക്കുന്ന സമയത്തിന്‍റെ ഇത്തിരി ഭാഗമെങ്കിലും പറമ്പില്‍ കൈക്കോട്ടു കളക്കാന്‍ മാറ്റിവെക്കണം. വഴിയരികില്‍ കൈമാടിവിളിക്കുന്ന ഫാസ്റ്റ് ഫുഡുകളെ കണ്ണുരുട്ടി പേടിപ്പിച്ച് അടുക്കളത്തോട്ടത്തിന്‍റെ വിളഞ്ഞ വിഭവങ്ങളെ ഭക്ഷിച്ചു പഠിക്കണം. അങ്ങിനെ പടിഞ്ഞാറില്‍ നിന്ന് പകര്‍ന്നു കിട്ടിയ സംസ്കൃതികളെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിച്ച് പൂര്‍വ്വികരുടെ പൈതൃകത്തിലേക്ക് തിരിഞ്ഞു നടക്കണം. പ്രകൃതിയെ വേദനിപ്പിക്കുകയെന്ന വാണിജ്യ വ്യവസായിക സങ്കല്‍പ്പത്തില്‍ നിന്ന് അമ്മയെ പോലെ സ്നേഹിക്കുകയെന്ന മാനവിക സങ്കല്‍പ്പത്തിലേക്ക് നാം ചുവടു മാറണം. ഇനിയും മരിക്കാത്ത ഭൂമീ... നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി എന്ന കവിയുടെ നൊമ്പരപ്പെടലുകള്‍ നമ്മെ സങ്കടപ്പെടുത്തണം. തീര്‍ത്തും രോഗാതുരമായ ഈ സാഹചര്യത്തില്‍ നിന്ന് ആരോഗ്യകരമായ പുത്തനുണര്‍വ്വിലേക്ക് നമുക്ക് കൂടുമാറണം. നാഥന്‍ തുണക്കട്ടെ.
وآخر دعوانا ان الحمد
لله، السلام عليكم ورحمة الله...