Tuesday, 19 September 2017

തിരുനബിയുടെ സ്നേഹം - മലയാള പ്രസംഗം

തിരുനബിയുടെ സ്നേഹം

السلام عليكم ورحمة الله

بسم الله الرحمن الرحيم، الحمد لله رب العالمين، والصلاة والسلام على أشرف المرسلين، وعلى آله وصحبه أجمعين، أما بعد،
ബഹുമാനപ്പെട്ട ഉസ്താദുമാരെ, എത്രയും പ്രിയപ്പെട്ട കൂട്ടുകാരെ,   റബീഇന്‍റെ പൊന്നമ്പിളി ആകാശത്തെ പ്രകാശപൂരിതമാക്കി മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍, ലോകത്തിനാകെ കാരുണ്യമായി വന്നുദിച്ച തിരുനബി (സ) യുടെ സ്നേഹത്തെ കുറിച്ച് ഏതാനും കാര്യങ്ങള്‍ മാത്രം     പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എല്ലാവരോടും റസൂല്‍ (സ) സ്നേഹം കാണിച്ചു. ദീനിന്‍റെ കാര്യത്തിലല്ലാതെ ആരോടും റസൂല്‍ (സ) കയര്‍ത്തു സംസാരിച്ചില്ല. അവിടുത്തെ തിരുജീവിതം ഒരു മനുഷ്യന്‍ ഭൂമിയിലെ ഇതര മനുഷ്യരോടും സഹജീവികളോടും എങ്ങനെ വര്‍ത്തിക്കണം എന്നതിനുള്ള ഉത്തമ ദര്‍ശനമായിരുന്നു. എട്ടാം വയസ് മുതല്‍ക്കേ നബിയുടെ സേവകനായി, അനുചരനായി നബിയോടൊത്തു ജീവിച്ച സൈദ് ബ്ന് ഹാരിസ് (റ) പറയുന്നു:   ഒരിക്കല്‍ പോലും നബി (സ) എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. കാരുണ്യത്തിന്‍റെ പ്രതിരൂപമായിരുന്ന മുസ്തഫ (സ) സ്നേഹത്തിന്‍റെ അമൃത വര്‍ഷമായിരുന്നു. ഇസ്ലാം മതത്തിന്‍റെ സമുന്നത നേതാവും മദീനയുടെ രാജാവായിരിക്കേ തന്നെ വേദനയനുഭവിക്കുന്നവരെ കണ്ടാല്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുമായിരുന്നു റസൂല്‍ (സ). ഒരു ദിവസം പേരക്കുട്ടി  കളായ ഹസന്‍, ഹുസൈന്‍ (റ) എന്നിവരോടൊത്ത് നബി തങ്ങള്‍ പെരുന്നാള്‍ നിസ്കരിക്കാന്‍ പള്ളിയിലേക്ക് പോവുകയായിരുന്നു. കുട്ടികളെല്ലാവരും വര്‍ണ്ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് പിതാക്കളുടെ കൂടെ പള്ളിയിലേക്ക് പോകുമ്പോള്‍, വഴിയരികില്‍  ഒരു ബാലന്‍ ദുഃഖ സാന്ദ്രമായ മുഖത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്യുന്ന തിരക്കിലും നബി (സ) ആ കുഞ്ഞിന്‍റെ മുഖം കണ്ടു. അവന്‍റെ ഹൃദയത്തിലെ വേദന അറിഞ്ഞു. ആ കുഞ്ഞിനെ എടുത്ത് ചുമലിലുരുത്തി റസൂല്‍ (സ) വീട്ടിലേക്ക് തിരിച്ചു നടന്നു. അവനെ പുതുവസ്ത്രങ്ങളണിയിച്ചു ശേഷം പറഞ്ഞു: മോനേ..., ഇനി മുതല്‍ ഞാനാണ് നിന്‍റെ ഉപ്പ, ഈ നില്‍ക്കുന്ന ആയിശാബീവിയാണ് നിന്‍റെ ഉമ്മ.
ജന്തുജാലങ്ങളെയും, പ്രകൃതിയെയും റസൂല്‍ (സ) സ്നേഹിച്ചു.  കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കിളിയുടെ നോവറിഞ്ഞ പ്രവാചകന്‍ (സ) അവയെ പിടിച്ചു കൊണ്ടുവന്ന അനുചരനോട് അതിനെ തിരിച്ചു കൊടുക്കാന്‍ പറഞ്ഞില്ലേ... ഒട്ടകത്തിന്‍റെ കണ്ണീരു കണ്ടപ്പോള്‍ അതിനെ വേദനിപ്പിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് റസൂല്‍ (സ) പറഞ്ഞത്. അകാരണ  മായി ഒരു മരത്തിന്‍റെ ഇല പോലും പറിച്ചു കളയരുത് എന്നാണ് റസൂല്‍ (സ) പഠിപ്പിച്ചത്. ഈ സമുദായത്തോടും നബിക്ക് അളവറ്റ സ്നേഹമായിരുന്നു. റൂഹ് വേര്‍പിരിയുന്ന നേരത്തു പോലും അവിടുത്തെ തിരു അധരങ്ങള്‍ മന്ത്രിച്ചത് ഉമ്മത്തീ, ഉമ്മത്തീ എന്നായിരുന്നു. അന്ത്യനാളില്‍ അല്ലാഹുവിന്‍റെ മുന്നില്‍ നമ്മുടെയെല്ലാം നരകമോചനത്തിനു വേണ്ടി സുജൂദില്‍ കിടക്കുന്ന നബിയുടെ ചിത്രം ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക. ലോകത്ത് അവതരിച്ച സ്നേഹത്തിന്‍റെ നിദര്‍ശനമായിരുന്നു മുഹമ്മദ് (സ). ഇക്കാരണം കൊണ്ടു തന്നെ ലോകം മുഴുവന്‍ നബിയെ തിരിച്ചു   സ്നേഹിച്ചു, ആദരിച്ചു. നബിയുടെ സാമീപ്യം നഷ്ടപ്പെട്ടപ്പോള്‍ മദീനയിലെ ഈന്തപ്പനത്തടി കൊണ്ടുണ്ടാക്കിയ മിമ്പര്‍ തേങ്ങിക്കരഞ്ഞുവല്ലോ. അചേതന വസ്തുവായ മിമ്പറില്‍ പോലും കണ്ണീരുറവ തെളിയിച്ച       സ്നേഹമായിരുന്നു നബിയുടേത്. മക്കയിലായിരിക്കുമ്പോഴേ എനിക്കു സലാം പറയുന്ന ഒരു കല്ലിനെ എനിക്കറിയാമെന്ന് നബി (സ) പറയുന്നുണ്ട്. മേഘങ്ങള്‍ തിരുദേഹത്തിനെപ്പോഴും തണലിട്ടു കൊടുക്കുമായിരുന്നു. സ്വഹാബാക്കള്‍ നബിക്കു നല്‍കിയ സ്നേഹം അളവറ്റതായിരുന്നു. മഹാനായ സൈദ് ബിന് ഹാരിസ് (റ) വിനെ കൊള്ളക്കാര്‍ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തതാണ്. അജ്ഞത അദ്ദേഹം നബിയുടെ അടുക്കല്‍ വന്നെത്തി. തന്‍റെ പൊന്നുമോന്‍ നബി തങ്ങളുടെ അടുത്തുണ്ടെന്ന്  അറിഞ്ഞ് വിളിച്ച് കൊണ്ടുപോകാന്‍ പ്രിയപ്പെട്ട പിതാവ് വന്നപ്പോള്‍ നബി തങ്ങള്‍ എട്ട് വയസുകാരനായ സൈദിനോട് ചോദിച്ചു: നീ പോകുന്നില്ലേയെന്ന്. അപ്പോള്‍ സൈദ് (റ) പറഞ്ഞു: അല്ലാഹുവിന്‍റെ തിരുദൂതരേ...   എന്‍റെ ഉമ്മയും ഉപ്പയുമെല്ലാം അങ്ങു തന്നെയാണ്. ഓര്‍മയില്ലേ..., യുദ്ധരണാങ്കണത്തിലേക്കിറങ്ങും മുമ്പ് നബിയുടെ ആലിംഗനത്തിനായി കൊതിച്ച സവാദ് (റ) വിന്‍റെ ചരിത്രം. ആ പൂമേനിയുടെ ഒരു സ്പര്‍ശനം പോലും അവര്‍ക്ക് പുണ്യമായിരുന്നു. ഹിറാ ഗുഹയില്‍ പുണ്യ റസൂലിന് വേണ്ടി അബൂബക്കര്‍ (റ) പാമ്പിന്‍റെ ദംശനത്തെ പോലും സഹിച്ചു നിന്നു. നബിയുടെ നേരെ വരുന്ന കൂരമ്പുകള്‍ സ്വന്തം ദേഹം കൊണ്ട്           തടുത്താണ് ദുജാന (റ) സ്നേഹം കാണിച്ചത്.
സുഹൃത്തുക്കളെ, നമ്മളെ ഏറെ സ്നേഹിക്കുന്ന റസൂലിനെ തിരിച്ച് സ്നേഹിക്കല്‍ നമ്മുടെ ബാധ്യതയാണ്. മാത്രമല്ല, നമുക്ക് സ്വര്‍ഗപ്രവേശനം സാധ്യമാകാനുള്ള ഉപാധി കൂടിയാണ്. വിശ്വാസി അവന്‍ സ്നേഹിക്കുന്നവരുടെ കൂടെ സ്വര്‍ഗത്തിലാണെന്ന് പൂണ്യ റസൂല്‍ (സ). അല്ലാഹു    നമ്മെ അവന്‍റെ നബിയോട് കൂടെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു   കൂട്ടുമാറാകട്ടെ. പ്രവാചകാനുരാഗിയായ കവി പാടുകയാണ്.

ان نلت يا ريح الصباح                      يوما الى ارض الحرم

بلغ سلامي روضة                               فيها النبي المحترم
ഹേ റൗളയിലണയുന്ന കാറ്റേ എന്‍റെ സലാമിനെ നീ അവിടെ എത്തിക്കണമേയെന്ന്, നാം നബിയെ വാഴ്ത്തിപ്പാടുന്ന ഈ അവദാനങ്ങളൊക്കെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
وآخر دعوانا ان الحمد لله رب العالمين...
السلام عليكم ورحمة الله


10 comments:

ആഗോളവത്കരണവും ആധുനികന്‍റെ ഭക്ഷണരീതിയും - മലയാള പ്രസംഗം

ആഗോളവത്കരണവും ആധുനികന്‍റെ ഭക്ഷണരീതിയും - മലയാള പ്രസംഗം السلام عليكم ورحمة الله بسم الله، والحمد لله، الصلاة والسلام على أشرف رسل الله ...